കീഴരിയൂർ: വായനാ മാസാചരണത്തിന്റെ ഭാഗമായി കണ്ണോത്ത് യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ‘മുത്തശ്ശിക്കഥ കേൾക്കാം’ എന്ന വേറിട്ട പരിപാടി സംഘടിപ്പിച്ചു. തിയ്യറാണ്ടിപ്പൊയിൽ കമലാക്ഷിയമ്മ കുട്ടികൾക്ക് കഥയമ്മയായി എത്തിയ പരിപാടി വിദ്യാർത്ഥികൾക്ക് പുതുമയുള്ള അനുഭവമായി മാറി.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് നഷ്ടമാകുന്ന മുത്തശ്ശിക്കഥകളുടെ മാസ്മരിക ലോകം തിരികെ നൽകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യവേദി ഈ പരിപാടി ഒരുക്കിയത്.
തന്റെ ജീവിതാനുഭവങ്ങളും പഴയകാല നാടോടിക്കഥകളും കോർത്തിണക്കി കമലാക്ഷിയമ്മ പറഞ്ഞ കഥകൾ കുട്ടികൾ ഏറെ ആകാംഷയോടെയാണ് കേട്ടിരുന്നത്.
വായന കേവലം പുസ്തകങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും, മുതിർന്നവരുടെ അനുഭവങ്ങളും കഥകളും വായന പോലെ തന്നെ അറിവ് പകരുന്നതാണെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ പരിപാടി. ചടങ്ങിൽ സ്കൂൾ അധ്യാപകരും വിദ്യാരംഗം ഭാരവാഹികളും വിദ്യാർത്ഥികളും പങ്കെടുത്തു. .

















