അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മയ്ക്ക് നൽകി അധികൃതർ, പേരമകൾ അറസ്റ്റിൽ; മാതാപിതാക്കളെ പരിപാലിക്കാത്ത എല്ലാ മക്കള്‍ക്കും ഇത് പാഠമെന്ന് 78കാരിയായ അമ്മ

On: May 6, 2025 2:19 PM
Follow Us:
പരസ്യം

തിരൂരങ്ങാടി: മകൻ ഇറക്കിവിട്ട വയോധികക്ക് ഹൈകോടതി ഉത്തരവില്‍ വീട് തിരികെ ലഭിച്ചു. തൃക്കുളം അമ്പലപ്പടി സ്വദേശി പരേതനായ തണ്ടശ്ശേരി വീട്ടില്‍ കുമാരന്റെ ഭാര്യ രാധക്കാണ് (78) കോടതി ഉത്തരവ് തുണയായത്. ഇവരുടെ സ്ഥലത്ത് ഏക മകന്‍ സുരേഷ് കുമാര്‍ പണിത വീടാണ് ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് അധികൃതരും പൊലീസും ചേര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും പുറത്താക്കി അമ്മക്ക് തിരികെ ലഭ്യമാക്കിയത്.

മകന്‍ വീട്ടില്‍നിന്ന് ഇറക്കിവിട്ടതോടെ രാധ ആര്‍.ഡി.ഒയെ സമീപിക്കുകയും ആര്‍.ഡി.ഒ രാധക്ക് അനുകൂലമായി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് മകന്‍ ജില്ല കലക്ടറെ സമീപിച്ചു. 2023ല്‍ കലക്ടറുടെ ഉത്തരവും രാധക്ക് അനുകൂലമായതോടെ മകന്‍ ഹൈകോടതിയിലെത്തി. 2025ല്‍ കോടതി ഉത്തരവും രാധക്ക് അനുകൂലമായി. കഴിഞ്ഞ മാസം 28ന് തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ. സാദിഖിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി രാധക്ക് വീട് ലഭ്യമാക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ സമയം വേണമെന്ന മകന്റെ ആവശ്യം പരിഗണിച്ച് അഞ്ചു ദിവസം അനുവദിച്ചു.

ഇന്നലെ ഉച്ചക്കുശേഷം സബ് കലക്ടര്‍ ദിലീപ് കെ. കൈനിക്കരയുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എസ്.ഐ ബിജുവിന്റെ നേതൃത്വത്തിൽ പൊലീസും വീട്ടിലെത്തി. തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രാധയുടെ പേരമകള്‍ വാതില്‍ തുറന്നില്ല. ഇതോടെ പൂട്ട് പൊളിച്ച് അകത്തുകയറിയാണ് ഉദ്യോഗസ്ഥർ രാധയെ വീട്ടിലേക്ക് കയറ്റിയത്.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് വിദ്യാർഥിനിയായ 19കാരിയെ അറസ്റ്റ് ചെയ്തു. ശാരീരിക-മാനസിക പീഡനത്തെത്തുടർന്ന് ഏഴ് വര്‍ഷത്തോളമായി മകളുടെ വീട്ടിലാണ് താൻ താമസിച്ചിരുന്നതെന്നും വൃദ്ധരായ മാതാപിതാക്കളെ പരിപാലിക്കാത്ത എല്ലാ മക്കള്‍ക്കും ഇതൊരു പാഠമാണെന്നും രാധ പറഞ്ഞു.

തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ്, എല്‍.ആര്‍ തഹസില്‍ദാര്‍ എന്‍ മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ. സുലൈമാന്‍, കെ.പി. ഗോവിന്ദന്‍കുട്ടി തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

മഴയും കാറ്റും ശക്തം; വൈദ്യുതി ലൈനുകൾക്ക് സമീപം അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

‘ക്യാമറയുമായി ഒളിഞ്ഞുനോക്കേണ്ട, പിടിവീഴും’; സോഷ്യൽ മീഡിയ വ്യൂസിനായി സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പോലീസ്

ഡി വൈ എഫ് ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, യു എസ് എസ്, എൽ എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി; പത്തനംതിട്ടയിൽ ഒഴിവായത് വൻ ദുരന്തം

ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ഫസ്റ്റ് ക്ലാസോടെ പാസായ ബാസിൽ സി.പിയെ ആദരിച്ചു

ശ്രീ വാസുദേവാശ്രമ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നടുവത്തൂർ ഗൈഡ്സ് യൂണിറ്റും എൻ എസ് എസ് യൂണിറ്റും സംയുക്തമായി പരിസ്ഥിതി ദിനം ആചരിച്ചു

Leave a Comment

error: Content is protected !!