ആശുപത്രികളില്‍ എല്ലാവര്‍ക്കും മാസ്‌ക്, പൊതുസ്ഥലങ്ങളില്‍ ഉപയോഗം പ്രോത്സാഹിപ്പിക്കും, ലക്ഷണങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന; സര്‍ക്കുലര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ് 

On: June 3, 2025 12:22 PM
Follow Us:
പരസ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കൊവിഡ് വ്യാപനമുള്ള സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്. മാസ്‌ക് ഉപയോഗമാണ് പ്രധാനമായും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും ആശുപത്രികളില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. 

രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ മുതലായ ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ നിര്‍ബന്ധമായും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ദുരിതാശ്വാസ ക്യാംപുകളിലുണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം. കൊവിഡ് 19, ഇന്‍ഫ്ളുവന്‍സ രോഗമുള്ളവര്‍ക്ക് അപായലക്ഷണങ്ങള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കണം.  രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണം- സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, എല്ലാ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോള്‍ 2023 ല്‍ ഇറക്കിയ എബിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരോട് നിര്‍ദേശിക്കുന്നു.

ആശുപത്രികളില്‍ കൂട്ടിരിപ്പുകാര്‍ ഉള്‍പ്പെടെ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൊവിഡ് പരിശോധനയ്ക്ക് ജില്ലകളിലെ ആര്‍.ടി.പി.സി.ആര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരുടേയും കൂട്ടിരിപ്പുകാരുടേയും എണ്ണം പരമാവധി നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

ഒമിക്രോണ്‍ ജെഎന്‍-1 വകഭേദമായ എല്‍എഫ്-7 ആണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് കേരളത്തില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. 80 വയസ്സുള്ള പുരുഷനാണ് ഇന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി. കേരളത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 1435 ല്‍ നിന്നും 1416 ആയി കുറഞ്ഞിട്ടുണ്ട്. രാജ്യത്താകമാനം 4026 ആക്ടീവ് കേസുകളാണുള്ളത്.

അതേസമയം, കേരളത്തില്‍ കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു കൊണ്ടാണ് കണക്ക് വര്‍ധിക്കുന്നതെന്നും നിലവില്‍ സംസ്ഥാനത്ത് ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. ആഗോളതലത്തില്‍ കൊവിഡ് കേസുകളില്‍ വര്‍ധന കണ്ടപ്പോള്‍ത്തന്നെ വ്യാപകമായി പരിശോധന നടത്താന്‍ തുടങ്ങിയിരുന്നുവെന്നും അതുകൊണ്ടാണ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു. മറ്റു രോഗങ്ങള്‍ ഉള്ളവരാണ് മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രത്യേകം മുന്‍കരുതല്‍ എടുക്കേണ്ടതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല; രോഗബാധിതരായ വിദ്യാർത്ഥികളുടെ എണ്ണം എട്ടായി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കുക; കാർബോഹൈഡ്രേറ്റുകൾ ദഹിപ്പിക്കാൻ രാത്രിയേക്കാൾ നല്ലത് രാവിലെ!

ഷിഗെല്ല (Shigella) ഇൻഫെക്ഷൻ: ലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും; കടുത്ത ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യരംഗം

ചവറ്റുകുട്ടയിൽ എറിയുന്ന പ്രോട്ടീൻ; നമ്മുടെ പറമ്പിലെ ഈ ‘താരം’ ഒന്നൊന്നര സൂപ്പർഫൂഡ്!

മുരിങ്ങ ഉൽപ്പന്നങ്ങൾക്ക് ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്തി; ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടി

കൊതുക് നിർമ്മാർജ്ജനത്തിന് പുതിയ വഴി: 3.2 കോടി കൊതുകുകളെ പുറത്തുവിടാൻ ഗൂഗിൾ അനുമതി തേടുന്നു

Leave a Comment

error: Content is protected !!