ന്യൂഡൽഹി: സാധാരണക്കാരുടെ കുടുംബ ബജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് ലിറ്ററിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങളെത്തുടർന്ന് കഴിഞ്ഞ 14 ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ വലിയ വിലവർദ്ധനവാണിത്. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ആകെ കൂടിയത് 8 രൂപയോളമാണ്. പുതിയ നിരക്ക് വർദ്ധനവോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമായി ഉയർന്നു.
ഡീസൽ വിലയിലുണ്ടായ ഈ വൻ വർദ്ധനവ് രാജ്യത്ത് പൊതുവിപണിയിൽ വലിയ പ്രതിഫലനമുണ്ടാക്കും. ചരക്കുകൂലി വർദ്ധിക്കുന്നത് വഴി പാൽ, പച്ചക്കറികൾ, പഴങ്ങൾ, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ സാമഗ്രികളുടെയും വില വരും ദിവസങ്ങളിൽ കുത്തനെ ഉയരാൻ ഇത് കാരണമാകും.
















