കൊച്ചി: കേരള മനസ്സാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി. വിചാരണക്കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ച ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി പൂർണ്ണമായി കുറ്റവിമുക്തനാക്കി വെറുതെ വിട്ടു. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന സംഘത്തിൽ ഹുസൈൻ ഉണ്ടായിരുന്നില്ലെന്നും കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ ഡിജിറ്റൽ തെളിവുകൾ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
അതേസമയം, തങ്ങൾക്ക് ലഭിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികൾ നൽകിയ അപ്പീലുകൾ ഹൈക്കോടതി പൂർണ്ണമായി തള്ളി. ഇതോടെ 13 പ്രതികൾക്ക് മണ്ണാർക്കാട് പ്രത്യേക കോടതി വിധിച്ച ഏഴ് വർഷത്തെ കഠിനതടവ് ശിക്ഷ ഹൈക്കോടതി അതേപടി ശരിവെച്ചു. നേരത്തെ നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരിം എന്നിവരെ വെറുതെ വിട്ട കീഴ്‌ക്കോടതി വിധിയും ഹൈക്കോടതി നിലനിർത്തിയിട്ടുണ്ട്. വിധി പ്രസ്താവത്തിന്റെ ഭാഗമായി കേസിലെ പ്രതികളെയെല്ലാം നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു.
















