ഓണത്തെക്കുറിച്ചുള്ള കുട്ടിക്കാലത്തെ ചാരുതയാർന്ന ഓർമ്മകൾ എല്ലാവർക്കുമുണ്ടാകും.
കീഴരിയൂരിൻ്റെ തനി ഗ്രാമത്തിൽ കുന്നുകളും വയലുകളും പുഴയോരവും ഇടവഴികളും എണ്ണിയാലൊടുങ്ങാത്ത പൂക്കളും പച്ചയുടെ വൈവിധ്യവും നിറഞ്ഞതായിരുന്നു. കുട്ടിക്കാലത്തിൻ്റെ ഓർമ്മകളിൽ തുമ്പപ്പൂവും അരിപ്പൂവും വേലിയരിപ്പൂവും തേടി ഇടവഴികൾ താണ്ടി മലകളിലേക്കുള്ള യാത്ര അത്രമേൽ ഹൃദ്യമായിരുന്നു.
ഓണക്കാലമെത്തുന്നതിനു മുമ്പേ തന്നെ അച്ഛൻ്റെ പലചരക്ക് കടയിൽ നിന്നും വെല്ലം പൊതിഞ്ഞു വരുന്ന പായയുടെ ചീന്തുകൾ കഴുകി ഉണക്കിവെയ്ക്കും.
അരയനാട്ട് പാറയ്ക്കരികിൽ ആ കട അക്കാലത്തെ ഒരു സൂപ്പർമാർക്കറ്റായിന്നു. പലചരക്കും തുണിക്കച്ചവടവും തയ്യൽക്കടയും മുളയും മരവും എല്ലാം അവിടെയുണ്ടായിരുന്നു.
വെല്ലപ്പായ കഴുകിയെടുത്ത് ഉണക്കി കഴിഞ്ഞാൽ പിന്നെ ചാത്തപ്പേട്ടൻ്റെ വരവിനുള്ള കാത്തിരിപ്പാണ് ഞങ്ങൾക്ക്. ഉയരമുള്ള കോണിയിൽ കയറി ഇരുന്നിട്ട് ഞങ്ങൾ റോട്ടിലേക്ക് നോക്കിയിരിക്കും.
അന്നൊക്കെ പശുക്കളെ മേയാൻ വിടുന്ന പതിവുണ്ടായിരുന്നതിനാൽ ഉയരമുള്ള കല്ലുകൊണ്ട് കെട്ടിയ കോണിയിലൂടെ കയറിയും വളഞ്ഞു തിരിഞ്ഞ് ഒരാൾക്ക് കടക്കാൻ പാകത്തിലുള്ള കടേക്കെട്ടും കഴിഞ്ഞ് താഴോട്ട് ഇറങ്ങണമായിരുന്നു.
അരയനാട്ടു പാറയ്ക്ക് ഇപ്പുറമുള്ള വഴിയിൽ നിന്നും കാൽമുട്ടിൽ ഉറപ്പിച്ച തുകൽച്ചെരുപ്പിലും കൈകളിലും ഊന്നി പതുക്കെ ഇറങ്ങി ചെമ്മൺറോഡിലൂടെ വരുന്നത് ചാത്തപ്പേട്ടൻ തന്നെ.
പതുക്കെയുള്ള വരവിൽ അക്ഷമയുണ്ടെങ്കിലും ഉള്ളമാകെ സന്തോഷം തുളുമ്പുമായിരുന്നു. ഇടയ്ക്ക് മുട്ടിൽ നിവർന്ന് താടിയൊക്കെ ചൊറിഞ്ഞ് തലമുടിയിൽ വിരലോടിച്ച് നിൽക്കും. വഴിയിൽ കാണുന്നവരോടൊക്കെ പ്രസന്നമായി ചിരിച്ച് ലോഹ്യം പറഞ്ഞ് വരുന്നത് കാണാൻ നല്ല ചേലാണ്.
കോണിയ്ക്ക് താഴെയെത്തിയാൽ ഞങ്ങൾക്ക് നേരെ നോക്കി വിടർന്ന ചിരിയോടെ “എന്തൊക്കെയാടോ ?” എന്നൊരു ചോദ്യമാണാദ്യം.
കോണി ആയാസപ്പെട്ട് കയറി വീട്ടിലേക്ക് വരുമ്പോൾ ആഹ്ളാദത്തോടെ ഞങ്ങളുടെ അകമ്പടിയുണ്ടാകും. ഇറയത്ത് കയറിയിരുന്ന് ചെരുപ്പുകൾ അഴിച്ചുമാറ്റി ചുമര് ചാരിയൊരിരുപ്പാണ്.
പൂക്കൊട്ട മെടയാനുള്ള ഓലകളുമായി ഞങ്ങൾ ഓടി വരും. അരിപ്പൂവിന് വലിയ പൂക്കൊട്ടയും തുമ്പയ്ക്ക് ചെറുതും, അങ്ങിനെ പല വലുപ്പത്തിലുള്ള കൊട്ടകൾ തീർക്കാൻ കത്തി വിരലുകൾക്കിടയിൽ തിരുകിപ്പിടിച്ച് തുടങ്ങുകയായി.
ക്രമത്തിലല്ലാതെ വളഞ്ഞും തിരിഞ്ഞുമുള്ള അനുസരണയില്ലാത്ത വിരലുകൾ ആയാസപ്പെട്ട് ഓലകൾ ചീന്തിമുറിച്ച് ക്രമപ്പെടുത്തും. അതിനിടയിൽ അകത്ത് നിന്ന് ചായയും പലഹാരവുമെത്തും.
സന്തോഷം വിടരുന്ന ചിരിയോടെ “ഇതൊന്നും മാണ്ടായിനപ്പാ, എന്നാലും കൂടിയ്ക്കാം”
കൊട്ടമെടയുമ്പോൾ ചില പാട്ടുകളൊക്കെ പാടുകയും ചെയ്യും. ഇടയ്ക്ക് ഒരു ചുരട്ടൊക്കെയെടുത്ത് കത്തിച്ച് ആസ്വദിച്ച് വലിയ്ക്കും. വല്ലാത്തൊരു പുകയില ഗന്ധം അവിടമാകെ പരക്കും. എന്നാലും പൂക്കൊട്ട മെടയൽ നിർത്തില്ല.
കൊട്ടമെടഞ്ഞാൽ ചണനൂലുകൊണ്ട് കഴുത്തിൽ തൂക്കാനുള്ള വള്ളിയും കെട്ടിയാൽ പണിതീരും. ഞങ്ങൾക്കറിയാത്ത പല നാട്ടുകാര്യങ്ങളും അതിലിടയ്ക്ക് പറയും.
അച്ഛമ്മയൊക്കെ ഓടി നടന്നുകൊണ്ട് എല്ലാവരുടേയും അടുത്തെത്തും.
“ചാത്തപ്പാ, ചോറായിട്ട് തിന്നിട്ട് പോയാ മത്യേ”
“ആയിക്കോട്ടെ, ഉണിച്ചിരാമ്മേ”.
ആലയിൽ മൂരികളെ കെട്ടിയിട്ട് പുല്ലേരിയിൽ നിന്നും പുല്ല് വലിച്ചിട്ടു കൊടുക്കുന്ന കണ്ണച്ഛനോട് “ഇന്നേടെ ആയിനപ്പോ” എന്ന ചോദ്യം.
“കൊളോറോത്തെ കണ്ടത്തിലായിനും” എന്ന് കണ്ണച്ഛനും.
മൂരിക്കുള്ള കലക്ക് എടുക്കാൻ അപ്പുറത്തേക്ക് കണ്ണച്ഛൻ പോയി.
ചാത്തപ്പേട്ടൻ റേഡിയോയിൽ നിന്നും പാട്ടൊഴുകി വന്നപ്പോൾ ആസ്വദിച്ച് തലയാട്ടി.
-സി.എം വിനോദ് ആതിര

















