മഹാരാഷ്ട്രയിലെ ഷോളാപൂര്‍ ജില്ലയിലുള്ള ‘ഷെത്ഫല്‍’ (Shetphal) എന്ന ഗ്രാമത്തെക്കുറിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടോ?
പാമ്പുകളെ ഭയക്കുന്ന ഈ ലോകത്ത്, പാമ്പുകളെ കുടുംബാംഗങ്ങളെപ്പോലെ സ്‌നേഹിക്കുന്ന ഒരിടമാണ് ഈ ഗ്രാമം.
നമ്മുടെ വീടിന്റെ അകത്തളത്തിലോ മറ്റോ ഒരു രാജവെമ്പാലയെയോ മൂര്‍ഖനെയോ പത്തിവിരിച്ചു നില്‍ക്കുന്നത് കണ്ടാല്‍ നമ്മള്‍ എന്തുചെയ്യും?
പേടിച്ച് ബോധംകെട്ടു വീഴില്ലേ? അല്ലെങ്കില്‍ സഹായത്തിനായി നിലവിളിക്കില്ലേ. എന്നാല്‍, മഹാരാഷ്ട്രയിലെ ഷെത്ഫല്‍ ഗ്രാമവാസികള്‍ക്ക് ഇത് വെറുമൊരു സാധാരണ കാഴ്ച മാത്രമാണ്. പാമ്പുകളെ കൊല്ലുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാനേ കഴിയില്ല, കാരണം അവിടെ അവര്‍ക്ക് പാമ്പുകള്‍ വെറും ഇഴജന്തുക്കളല്ല, മറിച്ച് ദൈവതുല്യരായ അതിഥികളാണ്, അവരുടെ കുടുംബാംഗങ്ങളാണ്.
വീടിനുള്ളിലെ വാസം’
ഷെത്ഫല്‍ എന്ന ഈ ഗ്രാമത്തിലെ വീടുകള്‍ നിര്‍മ്മിക്കുന്നത് തന്നെ ഒരു പ്രത്യേക രീതിയിലാണ്. വീടിന്റെ മേല്‍ക്കൂരയിലോ ചുമരുകളിലോ പാമ്പുകള്‍ക്ക് സുരക്ഷിതമായി വിശ്രമിക്കാനായി ‘ദേവസ്ഥാനം’ എന്ന പേരില്‍ പ്രത്യേക ഇടങ്ങള്‍ ഇവരെല്ലാം ഒരുക്കിയിട്ടുണ്ടാകും.
രാത്രിയായാല്‍ തറയില്‍ കിടന്നുറങ്ങുന്ന വീട്ടുകാര്‍ക്കിടയിലൂടെയാണ് ഈ പാമ്പുകള്‍ നിര്‍ഭയമായി ഇഴഞ്ഞു നടക്കുന്നത്. ഇതുവരെ ഒരു പാമ്പും അവിടെയുള്ള ആരെയും കുട്ടികളെപോലും ഉപദ്രവിച്ചതായി ചരിത്രമില്ലെന്നതാണ് ഏറ്റവും അത്ഭുതം.
പാമ്പുകള്‍ കളിക്കൂട്ടുകാരാണ്
ഈ ഗ്രാമത്തിലെ കുട്ടികളുടെ ലൈഫ് സ്‌റ്റൈല്‍ തന്നെ നോക്കാം. മറ്റെവിടെയുമുള്ള കുട്ടികളേക്കാള്‍ വ്യത്യസ്തമാണ് ഈ കുട്ടികളുടേത്. നമ്മള്‍ പട്ടിക്കുട്ടികളോടും പൂച്ചക്കുട്ടികളോടും കളിക്കുന്നത് പോലെയാണ് അവര്‍ പാമ്പുകളോട് ഇടപഴകുന്നതു തന്നെ. സ്‌കൂളുകളിലോ പൊതുസ്ഥലങ്ങളിലോ പാമ്പുകള്‍ കയറിവന്നാല്‍ പോലും ആരും ഭയന്ന് ഓടാറുമില്ല. ഗ്രാമവാസികള്‍ ഈ പാമ്പുകള്‍ക്ക് പാലും ഭക്ഷണവും നല്‍കിയാണ് സംരക്ഷിക്കുന്നത്.
ഹിന്ദു പുരാണത്തിലെ സിദ്ധേശ്വര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസമാണ് ഗ്രാമവാസികളെ പാമ്പുകളുമായി ഇത്രയേറെ അടുപ്പിക്കുന്നത്. പാമ്പുകള്‍ തങ്ങളുടെ കാവല്‍ക്കാരാണെന്നും അവയെ സ്‌നേഹിച്ചാല്‍ ഗ്രാമത്തിന് ഐശ്വര്യം ലഭിക്കുമെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിനോദസഞ്ചാരികള്‍ ഈ അത്ഭുത ഗ്രാമം കാണാന്‍ ഇപ്പോള്‍ എത്താറുണ്ട്.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഇണങ്ങിച്ചേരലിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ഷെത്ഫല്‍. വന്യജീവികളോടുള്ള ഭയത്തേക്കാള്‍ വലുതാണ് സ്‌നേഹമെന്നാണ് ഈ ഗ്രാമം ലോകത്തിന് കാണിച്ചുകൊടുക്കുന്നത്.












