പത്തനംതിട്ട: ജില്ലയിൽ അനുഭവപ്പെട്ട അതിശക്തമായ മഴയിലും കനത്ത ഈടുരുഗാറ്റിലും പത്തനംതിട്ട തണ്ണിത്തോട് സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര അപ്പാടെ പറന്നുപോയി. തണ്ണിത്തോട് സെന്റ് ബെനഡിക്ട്സ് എം.എസ്.സി.എച്ച്.എസ് (St: Benedict’s M.S.C.H.S) സ്കൂളിന്റെ മേൽക്കൂരയാണ് കാറ്റിൽ പൂർണ്ണമായും തകർന്നത്.
ശക്തമായ കാറ്റിൽ പറന്നുപോയ മേൽക്കൂര സമീപത്തെ അയൽവീടിന് മുകളിലേക്കാണ് പതിച്ചത്. ഞായറാഴ്ചയായതിനാൽ സ്കൂളിൽ കുട്ടികൾ ഇല്ലാതിരുന്നതും ആളപായം ഉണ്ടാകാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.
സംഭവത്തെ തുടർന്ന് സ്കൂൾ കെട്ടിടത്തിനും സമീപത്തെ വീടിനും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.















