കോഴിക്കോട്:ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി വിദ്യാ സദനം എജ്യുകേഷനൽ & ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന പുറക്കാട് ശാന്തി സദനം സ്കൂൾ ഫോർ ഡിഫറന്റിലി ഏബിൾഡും, അവരുടെ സമഗ്ര വികസനവും പുനരധിവാസവും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസും (സിറാസ്) സംയുക്തമായി സംഘടിപ്പിക്കുന്ന ‘കനിവുത്സവം’ മെയ് 21, 22, 23 തീയതികളിൽ നടക്കും. കഴിഞ്ഞ 16 വർഷമായി പ്രവർത്തിച്ചു വരുന്ന നിലവിൽ ഇരുനൂറോളം വിദ്യാർത്ഥികൾ പഠന- പരിശീലനങ്ങൾ നടത്തി വരുന്ന തിക്കോടി ഗ്രാമപഞ്ചായത്തിലെ പുറക്കാട് ശാന്തി സദനം ക്യാമ്പസിലാണ് മൂന്ന് ദിവസത്തെ ഈ പരിപാടികൾ അരങ്ങേറുന്നത്. മേപ്പയ്യൂർ പഞ്ചായത്തിലെ വിളയാട്ടൂരിൽ 14.5 ഏക്കറിൽ ഒരുങ്ങുന്ന ‘സിറാസ് റിഹാബ് വില്ലേജ്’ എന്ന ബൃഹദ് പദ്ധതിയുടെ സന്ദേശം ഭിന്നശേഷി കുടുംബങ്ങളിലേക്ക് എത്തിക്കുകയാണ് ഈ സംഗമത്തിന്റെ പ്രധാന ലക്ഷ്യം. ഭിന്നശേഷിക്കാരുടെ പുനരധിവാസവും, കുടുംബങ്ങളുടെ ആകുലതകൾക്ക് പരിഹാരമായി അവരെ ചേർത്തുപിടിച്ച് സമാധാനം ഉറപ്പാക്കാനും, ഒറ്റപ്പെട്ടുപോകുന്ന ഭിന്നശേഷിക്കാർക്ക് ആജീവനാന്ത സംരക്ഷണം നൽകാനുമുള്ള സിറാസിന്റെ ഉന്നതമായ ലക്ഷ്യങ്ങളെക്കുറിച്ച് പൊതുസമൂഹത്തിന് നേരിട്ടുകണ്ട് പരിചയപ്പെടാനും ഈ ഒത്തുചേരൽ അവസരമൊരുക്കും.ആയിരത്തോളം ഭിന്നശേഷിക്കാർക്ക് സമഗ്ര സംരക്ഷണം നൽകാൻ ഉതകുന്ന ഭൗതിക സൗകര്യങ്ങളോടെയാണ് സിറാസ് റിഹാബ് വില്ലേജ് ഒരുങ്ങുന്നത്. ചെറിയ കുട്ടികൾക്കാവശ്യമായ ഏർളി ഇൻ്റർവെൻഷൻ മുതൽ വിവിധ തെറാപ്പികൾ, സ്കൂൾ സൗകര്യങ്ങൾ, തൊഴിൽ പരിശീലനം, സ്കിൽ ഡവലപ്പ്മെൻ്റ് യൂണിറ്റ് എന്നിവയെല്ലാം ഇതിൻ്റെ ഭാഗമാണ്. മുതിർന്ന ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനത്തിലൂടെ വരുമാനം ഉറപ്പിക്കാനും, മാതാപിതാക്കളുടെ അഭാവത്തിൽ അനാഥരാക്കപ്പെടുന്നവർക്ക് ആജീവനാന്ത സംരക്ഷണവും പുനരധിവാസവും നൽകാനും വിളയാട്ടൂരിലെ ഈ റിഹാബ് വില്ലേജ് ലക്ഷ്യമിടുന്നു. മേയ് 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി മണ്ഡലം നിയുക്ത എം.എൽ.എ അഡ്വ.കെ.പ്രവീൺ കുമാർ കനിവുത്സവം ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര മണ്ഡലം നിയുക്ത എം.എൽ.എ ഫാത്തിമ തഹ്‌ലിയ മുഖ്യാതിഥിയായിരിക്കും. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ ‘ശാന്തി പഥം എക്സ്പോ’യുടെ ഉദ്ഘാടനവും, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി. ഒർഗ ‘കനൽ വഴികളിലെ കനവ്’ ഡോക്യുമെന്ററി പ്രകാശനവും നിർവ്വഹിക്കും. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസൽ ‘വർണ്ണ ചിറക്’ ക്യാൻവാസ് ഉദ്ഘാടനം ചെയ്യും. അന്ന് ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന ‘ഹൃദയ മുദ്ര’ മുൻകാല പ്രവർത്തകരുടെ സംഗമം ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യും. മേയ് 22 വെള്ളിയാഴ്ച രാവിലെ, സ്ഥാപനത്തിലെ ജീവനക്കാരെ ആദരിക്കുന്ന ‘കനിവകം’ ചടങ്ങ് വടകര ഡി.ഇ.ഒ ഗീത. പി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30-ന് ഭിന്നശേഷി രക്ഷിതാക്കളെ സമൂഹം കേൾക്കുകയും അവരെ ആദരിക്കുകയും ചെയ്യുന്ന ‘ഹൃദയസ്പർശം’ പരിപാടി വടകര നിയുക്ത എം.എൽ.എ കെ.കെ. രമ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ് ചടങ്ങിൽ വിശിഷ്ടാതിഥിയായിരിക്കും. മേയ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് ‘സിറാസ് വിഷൻ ലോഞ്ച്’ ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. കുറ്റ്യാടി നിയുക്ത എം.എൽ.എ പാറക്കൽ അബ്ദുള്ള, പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി. ഗംഗാധരൻ എന്നിവർ വിശിഷ്ടാതിഥികളായും,ദി ഹിന്ദു മുൻ റെസിഡന്റ് എഡിറ്റർ ഗൗരിദാസൻ നായർ, തണൽ ചെയർമാൻ ഡോ. വി. ഇദ്രീസ്, പ്രൊഫ. കൽപ്പറ്റ നാരായണൻ എന്നിവർ അതിഥികളായും പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലും പൊതുജനങ്ങൾക്ക് ക്യാമ്പസ് സന്ദർശിക്കാനും ഭിന്നശേഷിക്കാരായ മക്കളുടെ മനോഹരമായ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിയാനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കനിവിന്റെ ഈ വലിയ ഉത്സവത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ശാന്തി സദനം സ്കൂൾ, പുറക്കാട്. ഫോൺ: 8075297886,9495611425, 9072223191