തൃശ്ശൂർ: ആഗോള യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് പാരസീറ്റമോൾ ഉൾപ്പെടെ മുന്നൂറ്റമ്പതിലധികം അവശ്യമരുന്നുകളുടെ വില ഉടൻ വർധിക്കും. നിലവിൽ സർക്കാർ വിലനിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള 384 ഇനം മരുന്നുകൾക്ക് 10 മുതൽ 20 ശതമാനം വരെ താത്കാലിക വിലവർധനവാണ് ഉണ്ടാവുക. പശ്ചിമേഷ്യൻ മേഖലയിലെ ആഭ്യന്തര സംഘർഷങ്ങൾ കാരണം മരുന്ന് നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയർന്നതാണ് ഇതിന് കാരണം.
സാധാരണക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന പാരസീറ്റമോളിന് പുറമെ അമോക്‌സിസിലിൻ, അസിത്രോമൈസിൻ, അംലോഡിപിൻ, അറ്റോർവസ്റ്റാറ്റിൻ, ഡെക്‌സാമെതസോൺ, അസ്‌കോർബിക് ആസിഡ് തുടങ്ങിയ നിർണായക മരുന്നുകൾക്കാണ് വില കൂടുന്നത്. ഔഷധ നിർമ്മാണത്തിന് ആവശ്യമായ പ്രൊപ്പലീൻ, അമോണിയ, മെത്തനോൾ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ 200 ശതമാനം വരെ വർധനവുണ്ടായതായും പാക്കിങ്, ഗതാഗത ചെലവുകൾ ഇരട്ടിച്ചതായും നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
മരുന്നുവില നിയന്ത്രണ നിയമത്തിൽ ഇളവ് തേടി ഇന്ത്യൻ ഡ്രഗ്‌സ് മാനുഫാക്ചറിങ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചിരുന്നു. നിലവിൽ ദേശീയ ഔഷധവില നിയന്ത്രണ സമിതിയും ഔഷധവാണിജ്യ മന്ത്രാലയവും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. വിപണിയിൽ അവശ്യമരുന്നുകളുടെ ക്ഷാമം ഒഴിവാക്കാൻ താൽക്കാലിക വിലവർധനവ് അനുവദിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സാഹചര്യം അനുകൂലമാകുമ്പോൾ പഴയ നിരക്കിലേക്ക് മടങ്ങാൻ കഴിയുന്ന രീതിയിലുള്ള ‘ഒറ്റത്തവണ വില വർധനവ്’ ആയിരിക്കും നടപ്പാക്കുക. നിലവിൽ രാജ്യത്ത് പാരസീറ്റമോൾ മാത്രം ആയിരത്തി ഇരുനൂറിലധികം ബ്രാൻഡുകളിൽ ലഭ്യമാണ്. അതിനാൽ തന്നെ സ്ഥിരമായി മരുന്ന് കഴിക്കുന്ന ലക്ഷക്കണക്കിന് രോഗികൾക്ക് പുതിയ തീരുമാനം കടുത്ത സാമ്പത്തിക ബാധ്യതയാകും.

















